‘ഓട്ടോറിക്ഷയിൽ വന്ന എന്നോട്‌ പൃഥ്വിരാജ്‌ മാത്രം ലിഫ്റ്റ്‌ വേണോ എന്ന് ചോദിച്ചു’; ഓർമ്മകൾ പങ്കുവെച്ച്‌ ഉണ്ണി മുകുന്ദൻ

മലയാളികളുടെ സ്വന്തം സൂപ്പർമാനും മസിലളിയനുമെല്ലാമാണ് ഉണ്ണി മുകുന്ദൻ. ഉണ്ണി പങ്കുവെക്കുന്ന ഓരോ പോസ്റ്റും കാര്യങ്ങളും അത്രയേറെ വൈറലാകാറുമുണ്ട്‌. ഇപ്പോൾ ഉണ്ണി ഫേസ്ബുക്കിൽ പങ്കുവെച്ച അത്തരത്തിലുള്ള ഒരു കാര്യമാണ് ആരാധകർക്കിടയിൽ ഏറെ വൈറലായിരിക്കുന്നത്‌. ഉണ്ണി മുകുന്ദനും പൃഥ്വിരാജും മുഖ്യ വേഷത്തിലെത്തുന്ന ‘ഭ്രമം’ എന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഉണ്ണി പഴയ ഓർമ്മ പ്രേക്ഷകർക്ക്‌ വേണ്ടി പങ്കുവെച്ചത്‌. താൻ സിനിമയിൽ വന്ന ആദ്യകാലത്ത്‌ നടന്ന ഒരു ഗെറ്റ്‌ റ്റുഗതർ മീറ്റിൽ പങ്കെടുക്കാൻ ഓട്ടോറിക്ഷയിൽ ആയിരുന്നു വന്നത്‌. സിനിമയിൽ വന്ന കാലമായതിനാൽ തന്റെ കയ്യിൽ സ്വന്തമായൊരു വണ്ടി ഉണ്ടായിരുന്നില്ല. പരിപാടി കഴിഞ്ഞ്‌ ഒരുപാട്‌ വൈകിയതിനാൽ പൃഥ്വിരാജ്‌ ആണ് അന്ന് തനിക്ക്‌ ഒരു ലിഫ്റ്റ്‌ ഓഫർ ചെയ്തത്‌ എന്ന് ഉണ്ണി കുറിപ്പിൽ പറയുന്നു.

പൃഥ്വിയോട്‌ ഒപ്പമുള്ള തന്റെ ഒരേയൊരു ചിത്രം ഇതാണെന്നും പറഞ്ഞാണ് ഉണ്ണി കുറിപ്പ്‌ തുടങ്ങുന്നത്‌. പ്രശസ്ത ഛായാഗ്രാഹകൻ രവി കെ ചന്ദ്രൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ‘ഭ്രമം’ എന്ന സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്‌. ഇപ്പോൾ ഫോർട്ട്‌ കൊച്ചിയിൽ ചിത്രീകരണം പുരോഗമിച്ച്‌ കൊണ്ടിരിക്കുന്ന സിനിമയിൽ റാഷി ഖന്നയും മംത മോഹൻദാസുമാണ് നായികമാരായി എത്തുന്നത്‌. ജേക്സ്‌ ബിജോയ്‌ ആണ് സംഗീതം.