തെലുഗു സിനിമയിലെ മാസ്സ് ഡയറക്റ്റർ എന്നറിയപ്പെടുന്ന പുരി ജഗന്നാദും തെന്നിന്ത്യൻ സെൻസേഷൻ ആയ വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നു. മഹേഷ് ബാബുവിന്റെ കരിയറിലെ വലിയ വിജയങ്ങളായ പോക്കിരി, ബിസിനസ്സ്മാൻ, NTR ന്റെ ടെമ്പർ എന്നീ ബ്ലോക്ബസ്റ്ററുകൾ ഒരുക്കിയ സംവിധായകൻ ആണ് പുരി ജഗന്നാദ്. ഡിയർ കോമ്രേഡ് എന്ന സിനിമയാണ് വിജയ് ദേവരകൊണ്ടയുടെതായി അവസാനം തിയേറ്ററുകളിൽ എത്തിയ സിനിമ. ഏതാണ്ട് 50 കോടിക്ക് അടുത്ത് ഇതുവരെ കളക്ഷൻ നേടിയ ചിത്രം വേണ്ടത്ര വിജയം നേടിയില്ല. അതുകൊണ്ട് തന്നെ പുരി ജഗന്നാദിനൊപ്പം ഒന്നിക്കുന്ന ഈ സിനിമ എന്തുകൊണ്ടും വിജയ് ആരാധകർക്കും ഏറെ പ്രതീക്ഷയുള്ള ഒന്ന് തന്നെയാണെന്ന് പറയാം. പ്രശസ്ത നടി ചാർമിയാണ് ചിത്രം നിർമ്മിക്കുന്നത്. നടി തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.
യുവതാരം റാം പോത്തിനേനിയെ നായകനാക്കി പുരി ജഗന്നാദ് ഒരുക്കി കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ ‘ഇഷ്മാർട്ട് ഷങ്കർ’ എന്ന സിനിമയും ചാർമിയും പുരിയും ചേർന്നാണ് നിർമ്മിച്ചത്. ഇതുവരെ 70 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ഈ ചിത്രം ബ്ലോക്ബസ്റ്റർ ഹിറ്റ് ആയതിന് പിന്നാലെയാണ് പുതിയ സിനിമയുടെ പ്രഖ്യാപനം.
ഡിയർ കോമ്രേഡ് നിർമ്മിച്ച മൈത്രി മൂവീസിന്റെ തന്നെ ഹീറോ, ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന ബ്രേക് അപ് എന്നീ ചിത്രങ്ങളാണ് വിജയ്യുടെതായി പുറത്ത് വരാനുള്ള സിനിമകൾ. ഇതിൽ തന്നെ ‘ഹീറോ’ ചില കാരണങ്ങളാൽ ഷൂട്ടിംഗ് നിർത്തിയെന്നും ചിത്രം ഉപേക്ഷിച്ചെന്നും സ്ഥിതീകരിക്കാത്ത വാർത്തകളുണ്ട്.