വെട്രിമാരന്റെ സിനിമയിൽ വിജയ് ‌സേതുപതി അതിഥിയായി എത്തുന്നു

വെട്രിമാരന്‍ ചിത്രത്തിൽ വിജയ് ‌സേതുപതി അതിഥിയായി എത്തുന്നു. തുനൈവന്‍ എന്ന ചെറുകഥയെ ആസ്പദമാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് മക്കൾ സെൽവൻ അതിഥിയായി എത്തുന്നത്. ആരാധകർ സ്നേഹപൂർവ്വം വിജയ്‌ സേതുപതിയെ വിളിക്കുന്ന പേരാണ് മക്കൾ സെൽവൻ. തമിഴിലെ പ്രമുഖ സംവിധായകന്‍ ഭാരതീരാജയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു.

സിനിമയിൽ പ്രാധാന്യമുള്ള ഒരു വേഷത്തിലാകും വിജയ്‌സേതുപതി അഭിനയിക്കുക എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുന്ന വിവരം. നേരത്തെ വടചെന്നൈ എന്ന ചിത്രത്തിനായി വെട്രിമാരന്‍ വിജയ്‌സേതുപതിയെ സമീപിച്ചിരുന്നു.

ഇളയരാജ ആയിരിക്കും ചിത്രത്തിനായി സംഗീതം ഒരുക്കുക. വെട്രിമാരന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറില്‍ തന്നെ സത്യമംഗലം കാടുകളില്‍ ആരംഭിച്ചു. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ വടചെന്നൈ വിസാരണ തുടങ്ങിയ ചിത്രങ്ങൾ വെട്രിമാരന്റേതാണ്. അടുത്തൂടെ പുറത്തിറങ്ങിയ പാവയ്ക്കഥകൾ എന്ന സിനിമയിലും വെട്രി ഭാഗമായിരുന്നു.