തെലുങ്കിലും മാസ് വില്ലനായി വിജയ് സേതുപതി; ഉപ്പേന ട്രെയിലർ എത്തി

മക്കൾ സെൽവൻ വിജയ് സേതുപതിയുടെ മാസ് വില്ലൻ റോളുമായാണ് തമിഴ് ചിത്രം മാസ്റ്റർ എത്തിയത്. അടുത്തതായി തൻറെ വില്ലൻ കഥാപാത്രവുമായി തെലുങ്കിലെത്തുകയാണ് താരം. പഞ്ജ വൈഷ്ണവ് തേജ് നായകനാകുന്ന ഉപ്പേന എന്ന ചിത്രത്തിലാണ് സേതുപതി വില്ലനാകുന്നത്. മെഗാസ്റ്റാർ ചിരഞ്ജീവിയുടെ മരുമകന്‍ ആണ് പഞ്ജ വൈഷ്ണവ് തേജ്.

ബുച്ചി ബാബു സംവിധാനം ചെയ്യുന്ന ചിത്രം ഒരു പ്രണയകഥയാണ് പറയുന്നത്. കൃതി ഷെട്ടി ആണ് ചിത്രത്തിലെ നായിക. ദേവി ശ്രീ പ്രസാദ് ആണ് സംഗീതമൊരുക്കുന്നത്. ചിത്രം ഫെബ്രുവരി 12ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം ജൂനിയർ എൻ ടി ആർ പുറത്തിറക്കിയിരുന്നു.

വിജയ് സേതുപതിയുടെ രണ്ടാമത്തെ തെലുങ്കു ചിത്രമാണ് ഉപ്പേന. മെഗാസ്റ്റാര്‍ ചിരഞ്ജീവി, നയന്‍താര മുഖ്യ വേഷത്തിലെത്തിയ സെയ് രാ നരസിംഹ റെഡ്ഡിയാണ് താരം അഭിനയിച്ച ആദ്യ തെലുങ്കു ചിത്രം. മൈത്രി മൂവി മേക്കേഴ്‌സും സുകുമാര്‍ റൈറ്റിങ്ങ്സും ചേര്‍ന്നാണ് ഉപ്പേന നിര്‍മിക്കുന്നത്.