മലയാളത്തിലെ ക്ലാസിക് സിനിമയുടെ സൗന്ദര്യശാസ്ത്രം വിവരിച്ച് തിരക്കഥാകൃത്ത് ഹരികൃഷ്ണൻ

തന്റെ വ്യത്യസ്തമായ ശൈലികൊണ്ട് മലയാളത്തിൽ ആരാധകരെ സൃഷ്ടിച്ച സംവിദായകനാണ് പത്മരാജൻ. അദ്ദേഹത്തിന്റെ സിനിമകൾ എല്ലാം തന്നെ ഒന്നിനൊന്നു മനോഹരങ്ങളുമായിരുന്നു. പത്മരാജന്റെ ‘മൂന്നാം പക്കം’ എന്ന മലയാളത്തിലെ ഏറ്റവും മികച്ച കള്‍ട്ട് ക്ലാസ്സിക്കിനെക്കുറിച്ച്‌ അതിമനോഹരമായി വിലയിരുത്തുകയാണ് തിരക്കഥാകൃത്ത് ഹരികൃഷ്ണൻ.

ഫേസ്ബുക്ക് പേജിലൂടെ എഴുതിയ നിരൂപണം നിരവധിപ്പേരാണ് ചർച്ചയാക്കിയത്.

കുറിപ്പിന്റെ പൂർണരൂപം :

(മുത്തച്ഛന്റെ ഒന്നാം പക്കം)
കടലോളം വലിയ രൂപകമെന്ത്? കടലോളം വലിയ രൂപകങ്ങളുടെ സമാഹാരവുമെന്ത് ? നിറം മുതല്‍ തിര വരെ, ആഴം മുതല്‍ അല വരെ, മരണം മുതല്‍ ജീവിതംവരെ…കുടിച്ചുവറ്റിക്കാനാവാത്തൊരു ചഷകം പോലെയാണത്. ഉയിരും ഉണ്മയും തേടി അതുകൊണ്ടുതന്നെ കാലങ്ങളായി എഴുത്തുകാര്‍ അതിന്റെ അത്ഭുതങ്ങളുടെ ആഴങ്ങളിലേക്കു പോകുന്നു.
മിക്കവരും തോല്‍ക്കുന്നു. ചിലര്‍ മാത്രം ജയിക്കുന്നു.
കടലോളം വലിയ രൂപകമെന്ത്?
സിനിമയുടെയും സാഹിത്യത്തിന്റെയും നീലനീലാഴമുള്ള സ്വപ്നഖനിയാണു കടല്‍. മുങ്ങിമരിച്ച നാവികരുടെ കണ്ണീരു വീണുവീണാണു കടലിന് ഇത്രയും ഉപ്പുണ്ടായതെന്ന് അതിലൊരു കവിതയില്‍ വായിച്ചത് എനിക്കിഷ്ടമാണ്. കിഴവന്റെ കടലും മൊബിഡിക്കിന്റെ ആഴവും മുതല്‍ സ്പില്‍ബര്‍ഗിന്റെ സ്രാവുകള്‍ പുളയ്ക്കുന്ന കടലും വരെ…ഹൃദയത്തിന്റെ നീലിച്ച ഇഷ്ടങ്ങള്‍.
കടലിന്റെ ഒരു കഥയ്ക്കു തിരക്കഥയെഴുതിയിട്ടുണ്ട്, ഞാനും. ടി. പത്മനാഭന്റെ പ്രശസ്തമായ ‘കടല്‍’ എന്ന കഥ ഷാജി എന്‍ കരുണ്‍ ‘ഗാഥ’ എന്ന പേരിലാണു സിനിമയാക്കുന്നത് . കാണുന്ന കടലല്ല, കാണാത്ത കടലാണ് ആ കഥയില്‍. സങ്കീര്‍ണാഴങ്ങളുടെ സങ്കടല്‍. ചില സന്ധ്യകളില്‍ അതില്‍നിന്നടിക്കുന്ന ഉപ്പുകാറ്റുകള്‍. സ്നേഹം കൊണ്ടു കടല്‍ പിളര്‍ത്തുന്ന മനസ്സിന്റെ കല്‍പ്പനകള്‍. എഴുതുംതോറും എനിക്ക് അപ്രാപ്യമായി തോന്നിയിരുന്നു, ആ പെണ്‍കടല്‍!
ആ കടലിനെ മാറ്റിനിര്‍ത്തി ഞാന്‍ മറ്റൊരു കടലിലേക്കു മടങ്ങുന്നു; പത്മരാജന്റെ കടലിലേക്ക്.
‘മൂന്നാം പക്കം’ എന്ന സിനിമയോളം ആഴം ഞാന്‍ കണ്ട മറ്റൊരു കടലിനും തോന്നിയിട്ടില്ല. എടുക്കുന്നതിനെ കൊടുക്കില്ലെന്നു ശപഥം ചെയ്തിരിക്കണം ആ കടല്‍. അതുകൊണ്ടാണ് പാച്ചുവിനെ മൂന്നാം പക്കവും അവന്റെ മുത്തച്ഛനു മടക്കിക്കൊടുക്കാതിരുന്നത്.
മകന്‍ മരിച്ച ശേഷം തമ്ബി എന്ന മുത്തച്ഛന്റെ ഏക പ്രതീക്ഷയായിരുന്നു കൊച്ചുമകന്‍ പാച്ചു. ഒാരോ വേനലവധിക്കാലവും കലണ്ടറില്‍ പൂത്തത് അവന്റെ വരവിനു വഴിയൊരുക്കാനായിരുന്നു.. ഒരു കടലോരഗ്രാമത്തില്‍, 1980കളിലെ ഒരു വേനലവധിക്കാലത്ത് ഈ കഥ നടക്കുന്നു. അല്ല, ആ കഥ നടക്കുകയല്ല, തീരുകയാണ്. കളിനേരങ്ങള്‍ക്കിടയില്‍ കടലെടുത്ത കൊച്ചുമകനെ മൂന്നു ദിവസം ആ മുത്തച്ഛന്‍ കാത്തിരുന്നു. മൂന്നാം ദിവസം അവനെ കടല്‍ മടക്കിത്തരുമെന്നുതന്നെ അയാള്‍ വിശ്വസിച്ചു.
തീരുന്ന ഒരു പ്രതീക്ഷയെ മൂന്നാം ദിവസത്തേക്കുകൂടി വ്യസനത്തോടെ നീട്ടുകയാണ്, പത്മരാജന്റെ കഥനമാന്ത്രികത! ഒരേയൊരാള്‍ക്കായി ജീവിക്കുന്ന ആ മുത്തച്ഛനുവേണ്ടി വേണമെങ്കില്‍ പാച്ചുവിനെ മടക്കിക്കൊടുക്കാമായിരുന്നു , കടലിന്. പക്ഷേ, കടല്‍ നിര്‍ദയം അതു ചെയ്തില്ല.
പാച്ചു വന്നില്ല. മൂന്നാം പക്കത്തിലെ കടല്‍നിരാസത്തോട് ആ മുത്തച്ഛന്‍ പ്രതികാരം ചെയ്തത് കഠിനസ്നേഹത്തിനു മാത്രം ചിന്തിക്കാവുന്ന വിധത്തിലായിരുന്നു:
പാച്ചുവിന്റെ മൂന്നാം പക്കത്തെ മുത്തച്ഛന്‍ തന്റെ ഒന്നാം പക്കമാക്കി!
കടലിലേക്കു നടന്നു ചെല്ലുകയാണയാള്‍.
പ്രാര്‍ഥന പോലെയോ സമര്‍പ്പണം പോലെയോ..ആര്‍ക്കറിയാം?
എന്തൊരു ആത്മബലി !
ആ സിനിമയുടെ ഒടുക്കം കണ്ടുകഴിയുമ്ബോള്‍ എപ്പോഴും ഞാന്‍ ഒാര്‍ക്കാറുണ്ട് : അലകളുടെ നീലപരവതാനിയിലൂടെയുള്ള ഏകാന്തനടത്തത്തില്‍ കടലിനെ അഭിമുഖം കണ്ടാല്‍ ആ മുത്തച്ഛന്‍ എന്താവും ചോദിക്കുക:
പാച്ചുവിനെ മടക്കിത്തരാനോ. എന്നെക്കൂടി എടുക്കാനോ?
അതോ, മൂന്നാം പക്കത്തിന്റെ ഉദാരത പറഞ്ഞ് ഇനി പെരുമ കൊള്ളരുതെന്നോ?
എന്തായാലും, അയാളെ കണ്ടപ്പോള്‍ ഒരു നിമിഷം കടല്‍ തിരയടക്കിയിരിക്കണം, തീര്‍ച്ച.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...